തേഞ്ഞിപ്പലം: ദേശീയപാത സർവീസ് റോഡുകളിൽനിന്ന് ജനവാസ മേഖലകളിലേക്ക് മഴവെള്ളം കുത്തിയൊലിച്ചെത്തി വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ 5.19 കോടി രൂപയുടെ പ്രവൃത്തി നടത്തും.
ചേലേന്പ്ര, മൂന്നിയൂർ പഞ്ചായത്തുകളിലെ ദേശീയപാത സർവീസ് റോഡിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി ജനങ്ങൾ ദുരിതത്തിലാകുന്ന പ്രശ്നം പരിഹരിക്കാനാണ് 5.19 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതിയായത്.
ഒന്നാംഘട്ട പദ്ധതിക്കാവശ്യമായ തുകയാണ് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ സ്ഥലമേറ്റെടുപ്പ് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടറുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ഇതനുസരിച്ച് നേരത്തേ നിർവഹണച്ചുമതല വഹിക്കുന്ന ഏജൻസി തയാറാക്കിയ പദ്ധതി രൂപരേഖ പ്രകാരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ മേൽനോട്ടത്തിൽ മത്സരാധിഷ്ഠിത ടെൻഡർ വിളിക്കാനാണ് തീരുമാനം.
ദേശീയപാതയിലെ സമാന സ്വഭാവമുള്ള തേഞ്ഞിപ്പലം കോഹിനൂർ, പാണന്പ്ര ജുമാമസ്ജിദിന് സമീപം, മൂന്നിയൂർ തലപ്പാറ, ചേലേന്പ്ര അയ്യപ്പ ക്ഷേത്രത്തിന് സമീപം, ഇടിമൂഴിക്കൽ ഓട്ടോ സ്റ്റാൻഡിന് സമീപം, സ്പിന്നിംഗ് മിൽ എന്നീ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വെള്ളക്കെട്ട് പ്രശ്നം ഹരിഹരിക്കുന്നതിനായി 10 കോടി രൂപയുടെ പ്രൊപ്പോസലാണ് അംഗീകാരത്തിന് പി. അബ്ദുൾ ഹമീദ് എംഎൽഎ മുഖേനേ 2025 ഒക്ടോബറിൽ സമർപ്പിച്ചിരുന്നത്.
എന്നാൽ ഒന്നാംഘട്ടത്തിൽ ഇടിമൂഴിക്കൽ പടിഞ്ഞാറെ ഭാഗം, കാക്കഞ്ചേരി പള്ളിയാളി റോഡ്, പൈങ്ങോട്ടൂർമാട് അങ്കണവാടി റോഡ്, മൂന്നിയൂർ പടിക്കൽ ഈങ്ങലത്തുപാടം, പാലക്കൽ തോട്ടശേരി ഭാഗം എന്നിവിടങ്ങളിലെ പ്രശന പരിഹാരത്തിനാനാണ് ഫണ്ട് അനുവദിച്ചത്.